പൈലറ്റാകണമെന്ന ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് സഫലീകരിക്കാന്‍ ഒരുങ്ങി അടിമാലിക്കാരി

അടിമാലി: പൈലറ്റാകണമെന്ന അടങ്ങാത്ത ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ട് സഫലീകരിക്കാന്‍ ഒരുങ്ങുകയാണ് 24കാരിയായ ഒരടിമാലിക്കാരി. ചാറ്റുപാറ സ്വദേശിനിയായ അനഘ സോമനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ച് ഫ്ളൈയിംഗ് പരിശീലനത്തിനായി അമേരിക്കയിലേക്കുള്ള യാത്രക്കായി ഒരുങ്ങുന്നത്. ഉയരെ പറക്കുന്ന വിമാനത്തിന്റെ പൈലറ്റാകണമെന്ന ആഗ്രഹം അനഘയുടെ മനസ്സില്‍ കുട്ടിക്കാലത്തെ കയറിക്കൂടിയതാണ്. പ്ലസ് ടു വിന് ശേഷം ബിബിഎയും ഏവിയേഷനും എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സുമെല്ലാം പൂര്‍ത്തീകരിച്ചപ്പോഴും പൈലറ്റാവുകയെന്ന സ്വപ്നം അനഘ കൈവിട്ടില്ല. പരിമിതികളും പരാധീനതകളും പലതുണ്ടായിട്ടും തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ നിന്നും അനഘ പിന്നോട്ട് പോയില്ല.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ച് അവസാന കടമ്പയായ ഫ്ളൈയിംഗ് പരിശീലനത്തിനായുള്ള തയ്യാറെടുപ്പിലാണ് അനഘ.ഡല്‍ഹിയില്‍ നിന്നും കംപ്യൂട്ട് നമ്പര്‍ ലഭിച്ച് വിസ പ്രോസസിംഗ് പൂര്‍ത്തീകരിച്ചാല്‍ പരിശീലനത്തിനായി അനഘ അമേരിക്കയിലേക്ക് പറക്കും. ആകാശത്ത് പെണ്‍കരുത്തായി മാറണമെന്ന തന്റെ സ്വപ്നം അവസാന കടമ്പയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് അനഘ. അമേരിക്കന്‍ ലൈസന്‍സ് നേടിയ ശേഷം രാജ്യത്ത് തിരികെയെത്തി ഇന്ത്യന്‍ ലൈസന്‍സിനും ഉടമയാകുകയെന്നതാണ് അനഘയുടെ ആഗ്രഹം. ബാംഗ്ലൂരിലായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പുകള്‍ അനഘ നടത്തിയത്. അമേരിക്കയില്‍ ഒന്നര വര്‍ഷക്കാലമാണ് അനഘയുടെ ഫ്ളൈയിംഗ് പരിശീലനം. അവസാന കടമ്പകൂടി കടക്കുന്നതോടെ ഈ 24കാരി ആകാശത്ത് ഇടുക്കിയുടെ കരുത്താകും. ചാറ്റുപാറ ഒഴുകയില്‍ സോമന്, ശോഭ ദമ്പതികളുടെ മകളാണ് അനഘ. മേഘയാണ് സഹോദരി.