മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതിയെത്തി

മൂന്നാര്‍: രണ്ട് മാസത്തെ കാത്തിരുപ്പിനൊടുവില്‍ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതിയെത്തി. കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ സുരക്ഷ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹയര്‍സെക്കണ്ടറി വിഭാഗം കെട്ടിടത്തിലേക്കുള്ള താല്‍ക്കാലിക വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി സ്‌കൂളിലെ 120 ഓളം വിദ്യാര്‍ത്ഥികള്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു.
ഒപ്പം വൈദ്യുതി ഇല്ലാത്തതിനാല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രവര്‍ത്തനവും ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചു. വിഷയം മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെയാണ് അധികൃതരുടെ ഇടപെടലുണ്ടാവുകയും പുതിയ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കുകയും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്തിട്ടുള്ളത്. ദിവസങ്ങള്‍ നീണ്ട പ്രതിസന്ധിക്കൊടുവില്‍ സ്‌കൂളില്‍ വെള്ളവും വെളിച്ചവും എത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.