മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം: ഇടുക്കിയില്‍ 27 പരാതികള്‍ തീര്‍പ്പാക്കി

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് ആകെമാനം 4765 പരാതികളാണ് ഇതു വരെ ലഭിച്ചത്. ഹൈറേഞ്ച് സര്‍ക്കിളില്‍ ഇടുക്കി ജില്ലയില്‍ നിന്നും 212, കോട്ടയം ജില്ലയില്‍ നിന്നും 45, എറണാകുളം ജില്ലയില്‍ നിന്നും 69 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 326 പരാതികളില്‍ നാളിതുവരെ 37 എണ്ണത്തില്‍ പ്രാദേശിക തലത്തില്‍ തന്നെ പരിഹാരമായിട്ടുള്ളതാണ്.
ഇടുക്കി ജില്ലയില്‍ 27 എണ്ണവും, കോട്ടയം ജില്ലയില്‍ 10 എണ്ണവും ആണ് തീര്‍പ്പാക്കിയിട്ടുള്ളത്. ഹൈറേഞ്ചു സര്‍ക്കിളില്‍ 32 പഞ്ചായത്തുകളില്‍ വനം വകുപ്പിന്റെ പഞ്ചായത്തുതല യോഗങ്ങള്‍ നടത്തി. സര്‍ക്കിളിനു കീഴില്‍ വരുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ മുഴുവന്‍ പഞ്ചായത്തുകളിലെയും (4 എണ്ണം വീതം) യോഗം കഴിഞ്ഞു.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് എംപാനല്‍ ചെയ്തിരിക്കുന്ന തോക്ക് ലൈസന്‍സ് ഉള്ളവരുടെ എണ്ണം വളരെ പരിമിതമാണെന്നും പുതുതായി ഗണ്‍ ലൈസന്‍സ് കിട്ടുവാനുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും ആയതിനാല്‍ വിമുക്ത ഭടന്മാരുടെ സേവനം ലഭ്യമാക്കാവുന്നതാണെന്നും കൂടാതെ വനം വകുപ്പിന്റെ ദ്രുതകര്‍മ സേനയ്ക്ക് കാട്ടുപന്നികളെ കൊല്ലുവാന്‍ ഉപയോഗിക്കാന്‍ പറ്റുന്ന തോക്കുകള്‍ ലഭ്യമാക്കണമെന്നുമുള്ള അഭിപ്രായം പഞ്ചായത്ത് തല യോഗങ്ങളില്‍ ഉയര്‍ന്നു.
ഇടുക്കിയിലെ ഏലക്കൃഷി മേഖലകളിലെ കുരങ്ങ് ശല്യം വളരെ രൂക്ഷമാണെന്നും ഇവയെ പിടികൂടി ഉള്‍വനങ്ങളില്‍ തുറന്നു വിടണമെന്നും പ്രജനനം നിയന്ത്രിക്കുന്നതിനായി വന്ധീകരണം ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മറ്റ് പഞ്ചായത്തുകളില്‍ യോഗങ്ങള്‍ ഉടന്‍തന്നെ കൂടും.