
അടിമാലി: വേനല്‍ കനത്തതോടെ ജലത്തിന്റെ ലഭ്യത കുറവും വരള്‍ച്ചയും മാത്രമല്ല മലയോര കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വനത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞതോടെ കാടിറങ്ങുന്ന കാട്ടുമൃഗങ്ങളും ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് വെല്ലുവിളിയാവുകയാണ്. കാട്ടുപന്നിയും കുരങ്ങും തുടങ്ങി കാട്ടാനയും പുലിയും കടുവയുമെല്ലാം യഥേഷ്ടം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വിഹരിക്കുന്നത് വേനല്‍ക്കാലത്ത് കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്. കാട്ടുമൃഗങ്ങള്‍ കാടിറങ്ങി കൃഷിനാശം വരുത്തുന്നതോടെ കര്‍ഷകര്‍ക്ക് സംഭവിക്കുന്ന നഷ്ടം വലുതാണ്. വരള്‍ച്ച മൂലം കര്‍ഷകര്‍ക്ക് ഓരോ വേനല്‍ക്കാലത്തും സംഭവിക്കുന്ന നഷ്ടത്തിന് പുറമെയാണ് കാട്ടുമൃഗങ്ങള്‍ വരുത്തിതീര്‍ക്കുന്ന കൃഷിനാശം.തോട്ടം മേഖലയിലും ആദിവാസി ഇടങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളിലുമാണ് വന്യജീവി ശല്യം വേനല്‍ക്കാലത്ത് അതിരൂക്ഷമാകുന്നത്. വേനല്‍കനത്ത് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറയുന്നതോ വന്യജീവികള്‍ കാടിറങ്ങി തുടങ്ങും. കാട്ടു തീയും ഇതിനൊരുകാരണമാണ്..
വനത്തിനുള്ളില്‍ തീറ്റയും വെള്ളവും ഉറപ്പുവരുത്തണമെന്ന ആവശ്യം കഴിഞ്ഞ കുറേക്കാലങ്ങളായി കര്‍ഷകരും ചില പരിസ്ഥിതി സംഘടനകളും മുമ്പോട്ട് വയ്ക്കുന്നുണ്ട്. കൃഷിനാശം മാത്രമല്ല ആളുകളുടെ ജീവനും വേനല്‍ക്കാലത്ത് കാടിറങ്ങുന്ന വന്യജീവികള്‍ ഭീഷണി ഉയര്‍ത്തുന്നു. ഓരോ വേനല്‍ക്കാലത്തും കാട്ടാനക്കലിയില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്നു. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കര്‍ഷകരെ ഉപദ്രവിക്കാറുണ്ട്.bകടുവയേയും പുലിയേയും ഭയന്നാണ് തോട്ടം മേഖലയില്‍ തൊഴിലാളികള്‍ ജോലിക്കിറങ്ങുന്നത്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെയും വന്യജീവിയാക്രമണം വര്‍ധിച്ചു വരുന്നു. കാട്ടുമൃഗശല്യം രൂക്ഷമായതോടെ തന്നാണ്ട് കൃഷികളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങിയിട്ടുണ്ട്.