KeralaLatest NewsLocal news

കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി തുടങ്ങി

സാംസ്കാരിക വകുപ്പിൻ്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയ്ക്ക് കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എം.എം  മണി എം.എൽ.എ നിർവഹിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്നു നടത്തുന്ന ക്രിയേറ്റിവ് കോർണർ ലാബിന്റെ ഉദ്‌ഘാടനവും എം.എൽ.എ നിർവഹിച്ചു. പാഠപുസ്തകങ്ങളിലെ പഠനങ്ങൾ മാത്രം പോര പത്യേതര വിഷയങ്ങളിലും മികവ് പുലർത്തിയാൽ മാത്രമേ  ജീവിത വിജയം കൈവരിക്കാൻ കഴിയൂവെന്ന് എം.എം മണി പറഞ്ഞു. പ്രായഭേദമന്യേ,സ്ത്രീ പുരുഷ വിത്യാസമില്ലാതെ  എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് സൗജന്യമായി കല പരിശീലിക്കാനുള്ള അവസരമാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.സൗജന്യ കലാപരിശീലന പദ്ധതിയിൽ ലളിതകലകൾ, ക്ലാസ്സിക്കൽ കലകൾ, അഭിനയ കല, നാടോടികലകൾ എന്നീ കലാ വിഭാഗങ്ങളിൽ നാൽപ്പതിൽ അധികം കലാവിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇടുക്കി ജില്ലയിൽ കട്ടപ്പന,തൊടുപുഴ,നെടുങ്കണ്ടം,അടിമാലി ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. സമൂഹത്തിൽ കലാ അവബോധം വളർത്തുകയും സാധാരണക്കാരുടെ ഇടയിൽ നിന്നും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ചെണ്ട,പരിചമുട്ട്,നാടൻപാട്ട് എന്നിവയിലാണ് പരിശീലനം നൽകുന്നത്. സാംസകാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ബിജു കല്ലറയ്ക്കൽ. അബിൻ ബിജു, രാധിക രാജപ്പൻ എന്നിവരാണ് ക്ലാസ് നയിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.

സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിച്ച  പദ്ധതിയുടെ ഭാഗമായി അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൃഷി, പ്ലംബിങ്, വയറിംഗ്, തയ്യല്‍, പാചകം തുടങ്ങിയ വിവിധ മേഖലകള്‍ പരിചയപ്പെടാനും തൊഴിലധിഷ്ഠിത പഠനത്തിനും പദ്ധതി അവസരം നല്‍കുന്നു. പദ്ധതിക്കായി ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, തയ്യല്‍ മെഷീന്‍, വിവിധങ്ങളായ കാര്‍ഷിക ഉപകരണങ്ങള്‍, വയറിംഗ് – പ്ലംബിംഗ് ഉപകരണങ്ങള്‍, സ്റ്റിച്ചിംഗ് മെറ്റിരിയല്‍സ്, പാത്രങ്ങള്‍ എന്നിവയും ക്രിയേറ്റീവ് കോര്‍ണറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 

മുണ്ടിയെരുമ കല്ലാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ  

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശ്രീദേവി എസ്.ലാൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ  എസ്.സൂര്യലാൽ വജ്ര ജൂബിലി പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എ.എം ഷാജഹാൻ ക്രിയേറ്റിവ് കോർണർ പദ്ധതി വിശദീകരിച്ചു,

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.വിജയകുമാരി ,മുകേഷ് മോഹനൻ,പി.ടി.എ പ്രസിഡന്റ് രമേശ് കൃഷ്‌ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി.ഹെലോക്,ഹെഡ്മാസ്റ്റർ ജോൺ മാത്യു, മാധ്യമ പ്രവർത്തകൻ ജോമോൻ താന്നിക്കൽ ,കലാധ്യാപകരായ ബിജു കല്ലറയ്ക്കൽ,അബിൻ ബിജു, എസ്.എം.സി ചെയർമാൻ വിജയൻപിള്ള,തോമസ് ജോസഫ് തുടങ്ങിയർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!