പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തില്‍; അടിമാലി ഗ്രാമപഞ്ചായത്തധികൃതര്‍

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലെത്തിയതായി ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. കുമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി പഞ്ചായത്തിന്റെ ആധുനിക പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചുപൂട്ടിയിട്ട് 2 മാസം പിന്നിട്ടു. പണികള്‍ പൂര്‍ത്തീകരിച്ച് ശ്മശാനം വീണ്ടും തുറക്കുന്നത് വൈകുന്നതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഷയത്തില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ വിശദീകരണം നല്‍കിയിട്ടുള്ളത്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് വൈകാതെ ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം വ്യക്തമാക്കി. 28ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കോട്ടയം ആസ്ഥാനമായുള്ള കമ്പനിയാണ് നവീകരണ ജോലികള്‍ എടുത്തിട്ടുള്ളത്. ഒരു മാസക്കാലം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു ശ്മശാനം അടക്കുന്ന ഘട്ടത്തില്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചിരുന്നത്. പണികള്‍ പൂര്‍ത്തീകരിച്ച് ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് വൈകുന്നത് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തേണ്ടതായി വരുന്ന കുടുംബങ്ങളെ വലക്കുന്നുണ്ട്.
അടിമാലിയില്‍ നിന്നുമാത്രമല്ല അടിമാലിയുടെ സമീപമേഖലകളില്‍ നിന്നും സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവരും അങ്ങേയറ്റം നിര്‍ധനരായവരുമൊക്കെ ഉറ്റവര്‍ മരിച്ചാല്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.