
അടിമാലി: പള്ളിവാസല്‍ വില്ലേജോഫീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണ്. നിലവിലെ വില്ലേജ് ഓഫീസ് 2007 ല്‍ പുതുക്കി പണിതെങ്കിലും 113 പടികള്‍ കയറി വേണം ഓഫീസിലേക്ക് പ്രവേശിക്കുവാന്‍. അതുകൂടാതെ ശുചിമുറിയുടെ അഭാവവും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് പുതിയ വില്ലേജോഫീസ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു.
പള്ളിവാസല്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാഫലക അനാഛാദനവും എംഎല്‍എ നിര്‍വഹിച്ചു. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ്ബ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഭവ്യ കണ്ണന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ലാലു, പള്ളിവാസല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശശികുമാര്‍, ദേവികുളം തഹസീല്‍ദാര്‍ എല്‍. എസ് സന്തോഷ് കുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ വി. എ അന്‍സില്‍, വില്ലേജ് ഓഫീസ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.