KeralaLatest NewsLocal news

കര്‍ഷകര്‍ക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടന്നു

അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി മണ്ണ് പരിശോധന ക്യാമ്പയിനും ഏലകൃഷിയെക്കുറിച്ച് ഏകദിന സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രദീഷ് കുമാര്‍ മണ്ണ് സാമ്പിള്‍ സ്വീകരിച്ച് നിര്‍വഹിച്ചു.കാര്‍ഷിക മേഖലയിലെ ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യത്തെക്കുറിച്ച് പൊതുഅവബോധം വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
കൃഷിക്ക് മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കി കൃത്യമായ വളം ആവശ്യാനുസരണം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ അമിത വള പ്രയോഗം ഒഴിവാക്കി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതുവഴി വള പ്രയോഗത്തിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും അമിത രാസവള പ്രയോഗം മൂലം മണ്ണിലെ ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുവാനും കഴിയുമെന്ന് വിഷയാവതരണം നടത്തിയ വെള്ളത്തൂവല്‍ കൃഷി ഓഫീസര്‍ പ്രിയ പീറ്റര്‍ പറഞ്ഞു. ശാസ്ത്രീയ മണ്ണ് പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ മഞ്ജു ജിന്‍സി വര്‍ഗീസും ഏല കൃഷിയും വളപ്രയോഗവും എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന്‍ എസ്. സുധാകറും ക്ലാസെടുത്തു.
പരിപാടിയില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ക്യാമ്പയിനില്‍ പഞ്ചായത്ത് മെമ്പര്‍ ആര്‍.സി ഷാജന്‍ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജസ്റ്റിന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എഫ്. രാജ, ഷൈനി സിബിച്ചന്‍, പള്ളിവാസല്‍ കൃഷി ഓഫീസര്‍ ബെന്നി വര്‍ഗീസ്, വിവിധ ഇടങ്ങളിലെ കര്‍ഷകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!