
അടിമാലി : മാങ്കുളം പാമ്പുംകയത്ത് അജ്ഞാതര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി. പാമ്പുംകയം പന്നിപ്പാറയിലാണ് അജ്ഞാതര്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നിരുന്ന കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചത്. കളത്തില്‍പറമ്പില്‍ അഭിലാഷ്, കുന്നേല്‍ സെലിന് ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് ഈ ശല്യം നിലനില്‍ക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് അഭിലാഷിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള ഒരു കുരുമുളക് ചെടി വെട്ടിനശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അഭിലാഷ് ഇത് കാര്യമായി എടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒന്നിലേറെ കുരുമുളക് ചെടികള്‍ സമാനരീതിയില്‍ നശിപ്പിക്കപ്പെട്ടതോടെയാണ് ഈ കര്‍ഷകര്‍ പ്രതിസന്ധിയിലായത്.
കഴിഞ്ഞ ദിവസവും കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ കര്‍ഷകര്‍ പോലീസില്‍ പരാതി നല്കി. ആയുധം ഉപയോഗിച്ച് കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അഭിലാഷ് പറഞ്ഞു. കൃഷിയിടത്തില്‍ ആള്താമസമില്ലാത്തും അതിക്രമം നടത്തുന്നയാള്‍ക്ക് സഹായകരമാകുന്നു. കായ്ഫലമുള്ള കുരുമുളക് ചെടികളാണ് വെട്ടിനശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചെടികള്‍ ഉണങ്ങി നശിച്ചതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇനിയും സമാന രീതിയില്‍ അതിക്രമം ഉണ്ടാകുമോയെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് ഈ കര്‍ഷകരുടെ ആവശ്യം.