കാലവര്‍ഷവും കാറ്റും മഴയും; കാന്തല്ലൂരിലെ പ്ലം കര്‍ഷകര്‍ക്കും തിരിച്ചടി

മൂന്നാര്‍: ഇത്തവണ നേരത്തെയെത്തിയ കാലവര്‍ഷവും കാലവര്‍ഷാരംഭത്തില്‍ ഉണ്ടായ കാറ്റും മഴയും ഹൈറേഞ്ചിലെ കാര്‍ഷിക മേഖലക്കാകെ പ്രതിസന്ധി തീര്‍ത്തിരുന്നു. ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടൊരു വിഭാഗം കര്‍ഷകരാണ് കാന്തല്ലൂരിലെ പ്ലം കര്‍ഷകര്‍. മൂപ്പെത്തി പാകമാകുന്ന പ്ലം പഴങ്ങളുടെ വിളവെടുപ്പ് പൂര്‍ത്തിയാകുന്നത് മെയ് മാസം അവസാനത്തോടെയാണ്. എന്നാല്‍ മഴയും കാറ്റും നേരത്തെയെത്തിയതോടെ പാകമായി നിന്നിരുന്ന പ്ലം പഴങ്ങള്‍ വലിയ തോതില്‍ നിലം പതിച്ചു. ഇതോടെ പഴങ്ങള്‍ വിളവെടുത്ത് വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ പോയി.
വലിയ നഷ്ടമാണ് ഇതിലൂടെ കര്‍ഷകര്‍ക്കുണ്ടായത്. മെച്ചപ്പെട്ട വില ഉണ്ടായിരുന്നിട്ടും പഴങ്ങള്‍ കൊഴിഞ്ഞ് പോയതോടെ അതിന്റെ പ്രയോജനം ലഭിക്കാതെ പോയതായി കര്‍ഷകര്‍ പറയുന്നു. പ്ലം കര്‍ഷകരെ മാത്രമല്ല പഴ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്ന കാന്തല്ലൂരിലെ മറ്റ് കര്‍ഷകരേയും ഇത്തവണത്തെ കാറ്റും മഴയും പ്രതികൂലമായി ബാധിച്ചു. സാധാരണ കാന്തല്ലൂര്‍ മേഖലയില്‍ കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുമായിരുന്ന കാറ്റും മഴയുമാണ് നേരത്തെ ഉണ്ടായതെന്നും കര്‍ഷകര്‍ പറയുന്നു.