കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ഭ്രമരം പോയിന്റ

അടിമാലി: കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഭ്രമരം പോയിന്റ്. ആപ്പിളും സ്‌ട്രോബറിയുമൊക്കെ വിളയുന്ന പഴത്തോട്ടങ്ങള്‍ മാത്രമല്ല കാന്തല്ലൂരിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കാന്തല്ലൂരിലെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന കാര്യങ്ങളാണ്. മുനിയറകളുള്ള ആനകോട്ടപ്പാറയുള്‍പ്പെടെ കണ്ടിരിക്കേണ്ട മറ്റ് ചിലയിടങ്ങളും കാന്തല്ലൂരില്‍ ഉണ്ട്. അതിലൊന്നാണ് ഭ്രമരം പോയിന്റ്. കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഭ്രമരം പോയിന്റ്.
കാന്തല്ലൂരില്‍ എത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ഭ്രമരം പോയിന്റിലെത്തി കാഴ്ച്ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് മടങ്ങാറ്. മരത്തിന് മുകളിലെ ട്രീ ഹൗസുകളും ചെറുകുടിലുകളും കാന്തല്ലൂരിന്റെയും മറയൂരിന്റെയും വിശാലമായ പരന്നകാഴ്ച്ചയും വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ച്ചകളുമെല്ലാം ഭ്രമരം പോയിന്റിനെ മനോഹരമാക്കുന്നു. ദിവസവും നിരവധി ട്രക്കിംഗ് ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടെയെത്തുന്നത്. സ്വന്തം വാഹനങ്ങളിലും ഭ്രമരം പോയിന്റിലെ കാഴ്ച്ചകള്‍ കാണാന്‍ എത്താം. മധ്യവേനലവധി ആരംഭിച്ചത് മുതല്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ ഇതിനോടകം ഭ്രമരം പോയിന്റിലെത്തി മടങ്ങി. അവധിക്കാലം അവസാനിക്കും വരെ ഈ തിരക്ക് തുടരാനാണ് സാധ്യത.