
മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം. മറയൂര്‍ ടൗണിന് സമീപം ചിന്നാര്‍ വനമേഖലയുടെ ഭാഗമായ ഇടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷമായിട്ടുള്ളത്. മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത കടന്നു പോകുന്ന പ്രദേശത്താണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം പാതയോരത്ത് വനമേഖലയില്‍ വലിയ തോതില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. റോഡില്‍ നിന്നും വനമേഖലയിലേക്ക് മാലിന്യം വലിച്ചെറിയുകയാണ് ചെയ്യുന്നത്. വന മേഖലയിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടിയുണ്ടാകണമെന്നാണാവശ്യം.മാലിന്യം നിക്ഷേപിക്കരുതെന്ന് സൂചിപ്പിച്ച് വനം വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് തൊട്ടരികില്‍ തന്നെയാണ് മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുന്നത്.
പ്ലാസ്റ്റിക് മാലിന്യം പ്രദേശത്ത് കുന്നുകൂടിയാല്‍ വനമേഖലയുടെ സ്വഭാവികത നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. കാട്ടു മൃഗങ്ങള്‍ക്കും ഇത് ഭീഷണിയാണ്. പഞ്ചായത്തും വനം വകുപ്പും മാലിന്യ നിക്ഷേപം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണാവശ്യം.