KeralaLatest NewsLocal news

ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരും: ജില്ലാ കളക്ടർ 

ജില്ലയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും ഇവ പരിഹരിക്കുന്നതിനായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്‌കൂള്‍ അധ്യയന സമയം കഴിഞ്ഞ് കുട്ടികളുടെ സംരക്ഷണത്തിനായി കൂട് പദ്ധതി നടപ്പാക്കും. ജില്ലയെ ശിശു സൗഹൃദ ജില്ലയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പദ്ധതി യോഗത്തില്‍ വിശദീകരിച്ചു.

അടിമാലി ഗവ. ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു. 1949ല്‍ ആരംഭിച്ച സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തണമെന്നും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡീന്‍ കുര്യാക്കോസ് എം. പി കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ എബിസി സെന്റര്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇൗ വര്‍ഷം 2777 പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. 

ഇടമലക്കുടിയില്‍ ആരോഗ്യസംബന്ധമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമലനഗര്‍ ആരോഗ്യനഗര്‍ പദ്ധതി നടപ്പിലാക്കും. ഇതിനായി സ്ഥലം വിട്ടുനല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മൂന്നാര്‍ ഡി. എഫ്. ഒയെ ചുമതലപ്പെടുത്തി. 

അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിര്‍ത്തലാക്കുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. 26 അനധികൃത അറവുശാലകള്‍ പൂട്ടിയതായും നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്‍. എസ്. ജി. ഡി ജോയിന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. 

ജില്ലയില്‍ 24980 അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. പഞ്ചാലിമേട്ടില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിന് കെട്ടിടം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഷൈജു പി. ജെക്കബ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരാണാംകുന്നേല്‍,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍,വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!