സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും വിശ്രമിക്കാതെ ജന നന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍

അടിമാലി: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും വീട്ടില്‍ വിശ്രമിക്കാതെ ജനനന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ട്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും എസ്‌ഐ ആയി വിരമിച്ച ഷാജഹാനാണ് ലഹരിക്കെതിരെയുള്ള പ്രചരണവുമായി 2025 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തുന്നത്. ഷാജഹാന്റെ സൈക്കിള്‍ യാത്ര ഇടുക്കിയുടെ മലമടക്കുകളിലും എത്തി.
2025 മെയ് 31നാണ് 31 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍ നിന്നും കൊല്ലം പള്ളിമണ്‍ സ്വദേശി എ ഷാജഹാന്‍ വിരമിച്ചത്.
ഔദ്യോഗിക സേവനം അവസാനിച്ചെങ്കിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ഷാജഹാന്റെ മനസ്സിന് വിരമിക്കലും വിശ്രമവുമില്ല. അതുകൊണ്ടു തന്നെ റിട്ടയര്‍ ആയ ദിവസം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളുമായി ഈ ഉദ്യോഗസ്ഥന്‍ സൈക്കിള്‍ ചവിട്ടാന്‍ ഇറങ്ങി. കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും സൈക്കിള്‍ പ്രയാണം നടത്തിയും ഓരോ പ്രദേശങ്ങളിലെയും സകൂളുകളിലും പൊതുവിടങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയും പോലീസിന്റെ യോദ്ധാവ് പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ട അവബോധവും സൃഷ്ടിച്ചു.
യാത്ര ആരംഭിച്ച 11 ദിവസം കൊണ്ട് ഷാജഹാന്‍ മുഴുവന്‍ ജില്ലകളും സഞ്ചരിച്ച് കാസര്‍കോട് മഞ്ചേശ്വരത്ത് എത്തി. എന്നാല്‍ അവിടെയും ഒതുങ്ങിയില്ല. സംസ്ഥാനത്തെ മലയോര മേഖലയിലൂടെയായി അടുത്ത ദിവസങ്ങളിലെ യാത്ര. അട്ടപ്പാടിയും വയനാട്ടിലെയും ഇടുക്കിയിലെയും എല്ലാം മലയോര പ്രദേശങ്ങളിലൂടെയും ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ യാത്ര നടത്തുകയാണ്. ഇതിനോടകം തന്നെ 80 ഓളം സ്‌കൂളുകളിലും 40 ഓളം പൊതുവിടങ്ങളിലും ഷാജഹാന്‍ ലഹരിവിരുദ്ധ ക്ലാസുകള്‍ നയിച്ചു.
2019ല്‍ സേവനത്തിലിരിക്കെ ഹെല്‍മറ്റ് ഉപയോഗിക്കൂ ജീവന്‍ രക്ഷിക്കുമെന്ന് മുദ്രവാക്യമുയര്‍ത്തിയും 1700 കിലോമീറ്റര്‍ ഇദ്ദേഹം സൈക്കിള്‍ പ്രയാണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2025 കിലോമീറ്റര്‍ സൈക്കിള്‍ പ്രയാണം നടത്തുന്നത്. ഭാര്യ ഷഹബാനെയും, മക്കളായ തസ്ലീമ, തസ്ലീന,ഷാറൂഖ് എന്നിവരും പോലീസ് സുഹൃത്തുക്കളും റൈഡ് വിത്ത് ഷാജഹാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളും ഷാജഹാന് പിന്തുണയുമായി ഒപ്പം ഉണ്ട്.ജന നന്മയ്ക്കായി ഇനിയും ഏറെ കിലോമീറ്ററുകള്‍ താണ്ടാനുണ്ടെന്നാണ് ഷാജഹാന്‍ പറയുന്നത്.