വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു

അടിമാലി: അടിമാലി വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു.വാളറ ടൗണിന് സമീപം ദേശിയപാത 85നരികിലാണ് വിശ്രമകേന്ദ്രമുള്ളത്.1987 ഫെബ്രുവരി 27നാണ് വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വഴി മധ്യേ താമസിക്കാനും വിശ്രമിക്കാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
എന്നാല്‍ വര്‍ഷം പലത് പിന്നിടുമ്പോഴും ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിട, സ്ഥല സൗകര്യങ്ങള്‍ ഇനിയും ടൂറിസം വകുപ്പ് വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല.മുമ്പ് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കിയായിരുന്നു ഈ കേന്ദ്രം പ്രവര്‍ത്തിച്ച് വന്നിരുന്നത്. നിലവില്‍ കേന്ദ്രം അടഞ്ഞ് കിടക്കുകയാണ്. കെട്ടിടവും പരിസരപ്രദേശങ്ങളും കാട് കയറി മുടിയിട്ടുള്ള സ്ഥിതിയുമുണ്ട്.
പരിപാലനമില്ലാതെ കിടന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം ക്രമേണ നാശത്തിലേക്ക് കൂപ്പുകുത്തും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന സ്ഥ്‌ല സൗകര്യങ്ങള്‍ക്കൊപ്പം നേര്യമംഗലം വനമേഖലയുടെ ഭംഗിയാസ്വദിക്കാന്‍ കഴിയും വിധം കൂടിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തിയാല്‍ പോലും വരുമാനമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണിങ്ങനെ കാട് കയറി നശിക്കുന്നത്.
നിലവിലെ കെട്ടിട സ്ഥല സൗകര്യങ്ങള്‍ വൃത്തിയാക്കുകയും മോടി പിടിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കും വിധം താമസ സൗകര്യമൊരുക്കിയാല്‍ പദ്ധതിയിലൂടെ ടൂറിസം വകുപ്പിന് മെച്ചപ്പെട്ട വരുമാനം കണ്ടെത്താം. സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കിയാലും പദ്ധതി പരിപാലനമില്ലാതെ നശിക്കുന്നത് ഒഴിവാക്കാം.