
അടിമാലി: വിളവെടുപ്പ് ആരംഭിച്ചതോടെ കാപ്പിക്കുരുവിന്റെ വിലയില്‍ ഇടിവ്. രണ്ടുമാസത്തിനിടെ ഒരു കിലോ റോബസ്റ്റ കാപ്പിക്കുരുവിന്റെ വില 50 രൂപയും കാപ്പി പരിപ്പിന്റെ വില 75 രൂപയും കുറഞ്ഞു.രണ്ട് മാസം മുമ്പ് റോബസ്റ്റ കാപ്പിക്കുരുവിന് 240 രൂപയായിരുന്നത് ഡിസംബര്‍ അവസാനമായപ്പോള്‍ 190 രൂപയായും കാപ്പി പരിപ്പിന് രണ്ടുമാസം മുന്‍പ് ഉണ്ടായിരുന്ന 450 രൂപ 375 രൂപയായുമാണ് കുറഞ്ഞത്. 2021 ഡിസംബറില്‍ കാപ്പിക്കുരുവിന് 80 രൂപയും പരിപ്പിന് 140 രൂപയുമായിരുന്നു.
2022ല്‍ കാപ്പിക്കുരു വില 93 രൂപയും പരിപ്പ് വില 175 രൂപയുമായി. 2024ല്‍ കാപ്പിക്കുരു വില 222 രൂപയും പരിപ്പ് വില 395 രൂപയുമായി. ജില്ലയില്‍ കാപ്പി കൃഷി ചെയ്യുന്ന 150 ഓളം വന്‍കിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കര്‍ഷകരുമാണുള്ളത്. സീസണില്‍ ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ചു കഴിയുന്ന ഇവരുടെ ദുരിതത്തിന് വര്‍ഷങ്ങളായി മാറ്റം ഉണ്ടാകുന്നില്ല. ദിവസം 800 രൂപയില്‍ അധികം കൂലി നല്കിയെങ്കില് മാത്രമേ കാപ്പിക്കുരു വിളവെടുപ്പിന് ഉള്‍പെടെ തൊഴിലാളികളെ ലഭിക്കുകയുള്ളു.
എല്ലാ സമയത്തും പണി ഇല്ലാത്തതിനാല്‍ ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ യഥാസമയം തൊഴിലാളികളെ ലഭ്യമാകാനും ബുദ്ധിമുട്ടാണ്. അവര്‍ എത്തിയാലും ഉല്പന്നത്തിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടം മാത്രമാണു മിച്ചം.അതിനാല്‍ സ്വന്തമായി വിളവെടുക്കുന്ന കര്‍ഷകരും ഉണ്ട്. പലരും അതിഥി തൊഴിലാളികളെ എത്തിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുപ്പ് വൈകിയാല്‍ കാപ്പിക്കുരു പഴുത്ത് പക്ഷികള്‍ ഉള് പ്പെടെയുള്ളവ നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ നിസ്സഹായരാണ്.
മുന്‍ വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും മറ്റു കാരണങ്ങളും കാപ്പിയുടെ ഉല്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇത്തവണ ഭേദപ്പെട്ട വിളവ് ഉണ്ടെങ്കിലും വിലയില്‍ ഇടിവുണ്ടാകുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.



