
സുന്ദരമായ കാന്തല്ലൂരിനെ അതിസുന്ദരമാക്കുന്ന കാഴ്ച്ചകളിൽ ഒന്നാണ് ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം.മറയൂരും പിന്നിട്ട് കാന്തല്ലൂരിലേക്കുള്ള യാത്രയിൽ കോവിൽക്കടവിൽ നിന്ന് അൽപ്പദൂരം സഞ്ചരിച്ചാൽ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലെത്താം. മഴ പെയ്തതോടെ വേനൽ കവർന്ന വെള്ളച്ചാട്ടത്തിൻ്റെ ഭംഗി തിരികെയെത്തി കഴിഞ്ഞു.
നവമാധ്യമങ്ങളിൽ മുമ്പെ വൈറലായ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലിപ്പോൾ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങി കേരളത്തിൻ്റെ അയൽനാടുകളിൽ നിന്നും സഞ്ചാരികൾ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയാസ്വദിക്കാൻ എത്തുന്നു.
ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം ഏറ്റവും ഭംഗിയോടെ കാണാൻ കഴിയുന്ന കാലമാണ് മൺസൂൺകാലമെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു. തിരക്ക് വർധിച്ചതോടെ വ്യാപാരികളുടെ കച്ചവടവും വർധിച്ചിട്ടുണ്ട്.
ഓഫ് റോഡ് ജീപ്പുകളിലോ സ്വന്തം വാഹനങ്ങളിലോ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്കെത്താം. വെള്ളച്ചാട്ടത്തിന് ഒത്ത കീഴിൽ നിന്ന് ഭംഗിയാസ്വദിക്കാനും കുളിക്കാനും കഴിയുമെന്നതാണ് ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തെ കൂടുതൽ ആകർഷകമാക്കുന്നത്.പാറ കെട്ടുകൾക്ക് മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളം ചെറു ജലകണങ്ങളായി പ്രദേശത്താകെ വന്ന് പതിക്കുന്ന കാഴ്ച്ച ഇരച്ചിൽപ്പാറ നൽകുന്ന വേറിട്ടൊരനുഭവമാണ്.അപകട സാധ്യത കുറവാണെന്നതും സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നു.