
മൂന്നാര്‍: മൂന്നാറില്‍ തെരുവ് നായ ആക്രമണം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് എ ഐ വൈ എഫ് പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പത്തോളം പേരാണ് മൂന്നാറില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന മൂന്നാര്‍ ടാക്സി സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം സഞ്ചാരികളെ തെരുവുനായ ആക്രമിച്ചു. എസ്റ്റേറ്റ് മേഖലകളില്‍ ജോലിക്കുപോയ തൊഴിലാളികള്‍ക്കും തെരുവ് നായയുടെ കടിയേറ്റു. ഇതിനിടെ മൂന്നാറില്‍ നാട്ടുകാരെ കടിച്ച തെരുവ് നായ ചാകുകയും ചെയ്തു. ഇതോടെ നാട്ടുകാരും ആശങ്കയിലായി.
സംഭവത്തില്‍ നടപടി സ്വീകരിക്കേണ്ട മൂന്നാര്‍ പഞ്ചായത്ത് നിസംഗത പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് എഐവൈഎഫ് ദേവികുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് കവാടത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം സിപിഐ സംസ്ഥാന കൗസിലംഗം എംവൈ ഔസേപ്പ് ഉദ്ഘാടനം ചെയ്തു.ധര്‍ണയില്‍ എഐവൈഫ് മണ്ഡലം പ്രസിഡന്റ് തമിഴരശന് അധ്യക്ഷത വഹിച്ചു. സി പി ഐ ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍, എ രാജ, എസ്എം കുമാര്‍, ടിഎം മുരുകന്, ടി ഗണേഷന്, സന്തോഷ്, ഭവ്യ കണ്ണന്, ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.