മറയൂരിൽ വീണ്ടും ചന്ദനമോഷണം. മറയൂർ ടൗണിൽ ആശുപത്രി പരിസരത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തി.

മറയൂരിൽ വനത്തിനുള്ളിലെ ചന്ദനമരങ്ങൾക്ക് വനംവകുപ്പ് സുരക്ഷയൊരുക്കുമ്പോഴും വനമേഖലക്ക് പുറത്ത് നിൽക്കുന്ന ചന്ദനമരങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ താമസിക്കുന്ന കോട്ടേഴ്സിന് പിൻവശത്തു നിന്നിരുന്ന ചന്ദന മരമാണ് മോഷണം പോയിട്ടുള്ളത്. 5 ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് വനം വകുപ്പ് ഓഫിസുകളും ഒരു വശത്ത് പുന്നക്കര ഗ്രാമവും മറ്റൊരു വശത്ത് ടൗണും സ്ഥിതിചെയ്യുമ്പോഴാണ് ആശുപത്രി പരിസരത്ത് നിന്നും ചന്ദനമരം മുറിച്ചു കടത്തിയിരിക്കുന്നത്.
മരത്തിൻ്റെ ശിഖരങ്ങൾ താഴെ വീണ് കിടക്കുന്നത് കോട്ടേഴ്സിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.തുടർന്നിവർ വിവരം പൊലീസിനെ അറിയിച്ചു. മറയൂർ പോലീസ് എത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.സമീപകാലത്തായി മറയൂരിൽ ചന്ദനമരം മോഷണം പോകുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.