സ്വകാര്യ റിസോര്‍ട്ടുകാര്‍ നിര്‍മ്മിച്ച ഭീമന്‍ കിണര്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടലിലൂടെ നികത്തി.

മൂന്നാര്‍: ആനച്ചാല്‍ ചിത്തിരപുരത്ത് വീടിനരികില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ നിര്‍മ്മിച്ച ഭീമന്‍ കിണര്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടലിലൂടെ നികത്തി. റിസോര്‍ട്ടുകാര്‍ വീടിനരികില്‍ നിര്‍മ്മിച്ച കിണര്‍ ഭീഷണിയായതോടെ പള്ളിപുറത്ത് വീട്ടില്‍ അയിഷയും കുടുംബവുമായിരുന്നു കിണര്‍ നികത്തണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഉണ്ടാകാന്‍ ഇടയുള്ള വലിയൊരു ദുരന്തത്തെ മുമ്പില്‍ കണ്ടായിരുന്നു അയിഷയും കുടുംബവും ഇതുവരെ കഴിഞ്ഞ് കൂടിയിരുന്നത്.
തങ്ങളുടെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെയായിരുന്നു ഈ കുടുംബത്തിന്റെ ഉറക്കം നഷ്ടമായത്. വീടിനോട് ചേര്‍ന്ന് ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത രൂപം കൊണ്ടു. കിണറിന് വലിയ താഴ്ച്ചയുണ്ടായിരുന്നു. അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകുക എന്നതായിരുന്നു അയിഷയുടെയും കുടുംബത്തിന്റെയും മുമ്പിലുണ്ടായിരുന്ന പോം വഴി. ഇതിനെ തുടര്‍ന്നാണിവര്‍ നീതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. കഴിഞ്ഞ മഴക്കാലം മുഴുവന്‍ അയിഷയും കുടുംബവും ഭീതിയോടെയാണ് വീട്ടില്‍ കഴിഞ്ഞ് കൂടിയത്.
കിണര്‍ മൂടി അപകടാവസ്ഥ ഒഴിവാക്കാന്‍ മുമ്പ് ജില്ലാഭരണകൂടം ഉത്തരവിട്ടിരുന്നു. പക്ഷെ സ്വകാര്യറിസോര്‍ട്ടുകാര്‍ ഉത്തരവ് മറികടക്കാന്‍ ശ്രമം നടത്തിയതോടെ കിണര്‍ മൂടുന്നത് നീണ്ടു. ഈ മഴക്കാലമെത്തിയതോടെ ആശങ്ക വീണ്ടും ഉടലെടുക്കുകയും കുടുംബം ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. രണ്ടാമത് വീണ്ടുമെത്തിയ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിലൂടെയാണ് വീടിന് അപകട ഭീഷണിയായിരുന്ന കിണര്‍ മൂടപ്പെട്ടത്. വീടിന് സമീപം കിണര്‍ അപകടാവസ്ഥ ഉയര്‍ത്താന്‍ തുടങ്ങിയതോടെ മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അയിഷയും കുടുംബവും ഏറെ ഭീതിയോടെയായിരുന്നു വീട്ടില്‍ കഴിഞ്ഞ് വന്നിരുന്നത്. വൈകിയെങ്കിലും കാത്തിരുന്ന നീതി ലഭ്യമായതിന്റെ സന്തോഷം അയിഷയും കുടുംബവും പങ്കുവച്ചു.