Latest NewsNational

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര മന്ത്രിസഭാ സമിതി യോഗം

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭാ സമിതി യോഗം. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. 28 പേര്‍ക്കാണ് ഭീകാരാക്രണത്തില്‍ ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിക വേഷത്തിലെത്തിയവര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി തന്നെ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ അറിയിച്ചു.

പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!