
പരിക്കേറ്റതിനെ തുടര്‍ന്ന് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിശീലനം തുടങ്ങി. ബുമ്ര തന്നെയാണ് നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിലവില്‍ ബെംഗളൂരുവില്‍ എന്‍സിഎയില്‍ ആണ് ബുമ്ര. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി മത്സരത്തിന് ബുമ്ര ദുബൈയില്‍ എത്തിയിരുന്നു. ഇന്ത്യ – പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഐസിസി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹം ദുബായിലെത്തിയത്.
ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ടെസ്റ്റ് താരം, ടെസ്റ്റ്, ട്വന്റി 20 ഐസിസി ടീമംഗം എന്നീ പുരസ്‌കാരങ്ങളാണ് ബുമ്ര ഏറ്റുവാങ്ങിയത്. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പുരസ്‌കാരങ്ങള്‍ ബുമ്രയ്ക്ക് കൈമാറി. നേരത്തെ, പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയിരുന്നു. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബുമ്ര ഫിറ്റല്ലെന്ന കാര്യം ബിസിസിഐ പുറത്തുവിടുകയായിരുന്നു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുമ്രയ്ക്ക് വിശ്രമം നല്‍കാന്‍ ധാരണയാവുകയായിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുമ്ര പൂര്‍ണ ഫിറ്റന്സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബുമ്ര എന്‍സിഎയുടെ പരിചരണത്തിന് കീഴിലാണ് ഇപ്പോള്‍.