പാലം യാഥാര്‍ത്ഥ്യമായില്ല പുഴയില്‍ വെള്ളമുയര്‍ന്നതോടെ മാങ്ങാപ്പാറക്കുടിയിലേക്കുള്ള ഗതാഗതം നിലച്ചു

മാങ്കുളം: മഴക്കാലമെത്തിയതോടെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറ കുടി നിവാസികളുടെ വാഹനയാത്ര നിലച്ചു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളില്‍ ഒന്നാണ് മാങ്ങാപ്പാറക്കുടി. കുടിയിലേക്ക് വാഹനങ്ങള്‍ എത്തണമെങ്കില്‍ ഒരു പുഴ മുറിച്ച് കടക്കേണ്ടതായി ഉണ്ട്. മഴക്കാലമെത്തിയതോടെ ഒഴുക്ക് വര്‍ധിച്ച് പുഴയിറങ്ങി കടന്നുള്ള യാത്ര സാധ്യമല്ലാതായി തീര്‍ന്നു. ഇതോടെ കുടിയിലേക്കുള്ള വാഹനഗതാഗതം നിലച്ചു. ഇനി പുഴയില്‍ ജലനിരപ്പ് താഴ്ന്നാല്‍ മാത്രമെ വാഹനങ്ങള്‍ക്ക് അക്കരെയിക്കരെ സഞ്ചരിക്കാന്‍ കഴിയു.
പാലം നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്ന പുഴക്ക് കുറുകെ കാല്‍നട യാത്ര മാത്രം സാധ്യമാകുന്ന ഒരു നടപ്പാലമുണ്ട്. ഇതിലൂടെയാണിപ്പോള്‍ മാങ്ങാപ്പാറക്കുടി നിവാസികള്‍ പുറംലോകത്തേക്കെത്തുന്നത്. പുഴ കടന്ന് കുടിയിലേക്ക് വാഹനങ്ങള്‍ എത്താതായതോടെ വലിയ പ്രതിസന്ധി കുടുംബങ്ങള്‍ നേരിടുന്നുണ്ട്. അരിയുള്‍പ്പെടെ വീട്ടുസാധനങ്ങള്‍ തലചുമടായി വേണം ഇവര്‍ വീടുകളില്‍ എത്തിക്കാന്‍. ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും രോഗാവസ്ഥമൂലം അവശരായാല്‍ വാഹനം എത്തുന്നിടത്തേക്ക് രോഗിയെ എത്തിക്കണമെങ്കില്‍ ചുമക്കേണ്ടതായി വരും. വാഹനമെത്താതായതോടെ കുടിയില്‍ നിന്നും കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയും പ്രതിസന്ധിയിലാണ്. വേനല്‍ക്കാലത്ത് വാഹനങ്ങളും ആളുകളുമൊക്കെ പുഴയിലൂടെ അക്കരയിക്കരെ സഞ്ചരിക്കുമെങ്കിലും മഴക്കാലത്ത് ഈ പുഴ ഭയനാകമായ രീതിയില്‍ ഒഴുക്ക് കൈവരിക്കും.
കുടിയില്‍ നിന്നും ആനക്കുളത്തെത്തിയാണ് കുടി നിവാസികളുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്തു നിന്നും പരിമിതമായ യാത്രാ സൗകര്യമെ മാങ്ങാപ്പാറയിലേക്കുള്ളു. പുഴക്ക് കുറുകെ പാലമില്ലാത്തതിന്റെ ദുരിതം കാലാകാലങ്ങളായി ആദിവാസി കുടുംബങ്ങള്‍ അനുഭവിക്കുന്നുണ്ട്. മഴക്കാലത്തെ തങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ പുഴക്ക് കുറുകെ വാഹനം കയറും വിധമൊരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യം കുടി നിവാസികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു.