
അടിമാലി: നാലാഴ്ചയോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ശേഷം നാളെ കേരളം പോളിങ്ങ് ബൂത്തിലേക്ക്. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 89 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്.

ഇടുക്കി ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി. ജില്ലയില്‍ ക്രിട്ടിക്കല്‍ ബൂത്തുകളില്ല. 56 പ്രശ്നബാധിത (സെന്‍സിറ്റീവ്) പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്. 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്. 752 പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ 7 മണ്ഡലങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍.ജില്ലയില്‍ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. പ്രചാരണഘട്ടത്തിലെല്ലാം മുന്നണികള്‍ ഏറെ ആവേശത്തോടെയായിരുന്നു മുമ്പോട്ട് പോയത്.