
ഇടുക്കി കമ്പംമെട്ടിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച രണ്ട് ജീവനക്കാർ പിടിയിൽ. തമിഴ്നാട് തേനി സ്വദേശികളായ മുത്തു, അളക രാജ എന്നിവരാണ് പിടിയിലായത്. സംഭരിക്കുന്ന ഏലക്കയുടെ അളവ് ദിനംപ്രതി കുറഞ്ഞ വന്നതോടെയാണ് ഏലക്ക വ്യാപര സ്ഥാപനത്തിന്റെ ഉടമ സിസിടിവി പരിശോധിച്ചത്. ഇതോടെ കള്ളൻ കപ്പലിൽ തന്നെയാണെന്ന് പിടികിട്ടി. ജോലിക്ക് കൊണ്ടുവരുന്ന ബാഗിൽ ഉണക്ക ഏലക്ക മോഷ്ടിച്ചു കടത്തുകയായിരുന്നു പ്രതികളുടെ പതിവ്. കളവ് മനസിലായതോടെ സിസിടിവി ദൃശ്യങ്ങളടക്കം കടയുടമ കമ്പംമെട്ട് പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെയും ഇവർ മോഷ്ടിച്ച ഏലക്കായും കൈയ്യോടെ പിടികൂടി. ഇതിനോടകം പ്രതികൾ 75000 രൂപയുടെ മോഷണം നടത്തിയെന്നാണ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.