
മൂന്നാര്‍: ജനവാസമേഖലയില്‍ വീണ്ടും നാശം വരുത്തി കാട്ടുകൊമ്പന്‍ പടയപ്പ. തോട്ടം മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാവുകയാണ്. മഴക്കാലമാരംഭിച്ച് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും വര്‍ധിച്ചിട്ടും കാട്ടുകൊമ്പന്‍ കാടുകയറാന്‍ തയ്യാറായിട്ടില്ല. ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ തൊഴിലാളി കുടുംബങ്ങളുടെ സ്വരൈ്യജീവിതം കെടുത്തുകയാണ്.മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലാണ് പുലര്‍ച്ചെ കാട്ടുകൊമ്പന്‍ എത്തിയത്.
ആന പ്രദേശത്ത് കൃഷി നാശം വരുത്തി. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പടയപ്പ മറയൂര്‍മേഖലയിലായിരുന്നു തമ്പടിച്ചിട്ടുണ്ടായിരുന്നത്. മറയൂരിന്റെ അതിര്‍ത്തി മേഖലകളിലെ ഗ്രാമങ്ങളില്‍ ഇറങ്ങുകയും കൃഷിനാശം വരുത്തുകയും ചെയ്തതിനൊപ്പം വീടുകള്‍ക്കും ആന കേടുപാടുകള്‍ വരുത്തിയിരുന്നു. കരിമ്പ് കൃഷിയുള്‍പ്പെടെയുള്ള പ്രദേശത്തേക്ക് കാട്ടാനയെത്തുമോയെന്ന ആശങ്ക മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്കുണ്ട്. ഇതിനിടെയാണ് കാട്ടാന മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലെത്തി കൃഷിനാശം വരുത്തിയിട്ടുള്ളത്.