ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ സാഹസികയാത്ര നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു

മൂന്നാര്‍: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ സാഹസികയാത്ര നടത്തുന്ന സംഭവങ്ങള്‍ തുടരുന്നു. കുട്ടികളെയടക്കം വാഹനങ്ങളില്‍ അപകടകരമാംവിധം ഇരുത്തിയുള്ള യാത്രക്കും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തുന്നവര്‍ മടികാണിക്കാറില്ല. കാറിന്റെ ജനാലകളില്‍ ഇരുന്ന് വിനോദസഞ്ചാരികളുടെ യാത്ര ഇന്നും തുടര്‍ന്നു.
കര്‍ണ്ണാടക രജിസ്ട്രേഷന് വാഹനത്തിലായിരുന്നു വിനോദ സഞ്ചാരികളുടെ ഇന്നത്തെ സാഹസിക യാത്ര. ഓടുന്ന കാറിന്റെ ജനാലകളില്‍ കയറിയിരുന്ന്് കാഴ്ച്ചകള്‍ കണ്ടാണ് സഞ്ചാരികള്‍ അപകട യാത്രക്ക് മുതിര്‍ന്നത്. മൂന്നാര്‍ പെരിയകനാലിന് സമീപം ഓടുന്ന ബസില്‍ സാഹസിക പ്രകടനത്തിന് മുതിര്‍ന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങള്‍ ഇന്നലെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മഴയും മൂടല്‍മഞ്ഞുമുള്ള സമയത്താണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ കൂടുതലായി വാഹനങ്ങളില്‍ സാഹസിക പ്രകടനത്തിന് മുതിരുന്നത്.
മുമ്പ് കേരള രജിസ്ട്രേഷന് വാഹനങ്ങളിലും ഇത്തരം അപകടയാത്രകള്‍ നടന്നിരുന്നു. ഇതിനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി കടുപ്പിച്ചതോടെ കേരള രജിസ്ട്രേഷന് വാഹനത്തില്‍ നടന്നിരുന്ന സാഹസികയാത്രയുടെ എണ്ണം കുറഞ്ഞു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഇപ്പോഴും ഗ്യാപ്പ് റോഡിലൂടെ സാഹസികയാത്ര തുടരുന്നുണ്ട്