ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത്

മൂന്നാര്‍: ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ പഞ്ചായത്ത് പരിധിയിലെ ഗ്രാന്റീസ് മരങ്ങളുടെ വ്യാപനം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയില്‍ വരുന്ന 58, 59 ബ്ലോക്കുകളിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായിട്ടാണിപ്പോള്‍ കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങളാണിതെന്നും നിലവില്‍ ഇവിടെ നിന്നും മരങ്ങള്‍ മുറിച്ച് നീക്കുന്നതില്‍ നിയമ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുവെന്നുമാണ് കര്‍ഷകരുടെ പരാതി. ഇവിടെ നിന്നും മരങ്ങള്‍ മുറിച്ച് നീക്കപ്പെട്ടാല്‍ ഈ ഭാഗത്തേക്ക് കൂടി പച്ചകൃഷി വ്യാപിപ്പിക്കാമെന്നും കര്‍ഷകര്‍ പറയുന്നു.
വട്ടവട മേഖലയില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാന്റീസ് മരങ്ങള്‍ പൂര്‍ണ്ണമായി മുറിച്ച് നീക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. മണ്ണിലേക്കാഴ്ന്നിറങ്ങുന്ന ഗ്രാന്റീസ് മരങ്ങളുടെ വേരുകള്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നത് പ്രതിസന്ധിയാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു