KeralaLatest NewsLocal news

വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി വെള്ളിയാമറ്റത്തെ കുട്ടികർഷകർ 

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്‌കൂളുകളിലെ കുട്ടി കര്‍ഷകര്‍.  സ്‌കൂള്‍ വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ഉള്‍പ്പെടുത്തി വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നത്.

കൃഷി അങ്കണത്തിന്റെ പ്രവര്‍ത്തന രീതിക്ക് കൃഷി ചെയ്യാന്‍ നിലം വേണ്ടായെന്നതാണ് പ്രത്യേകത. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചട്ടികളില്‍ പച്ചക്കറി കൃഷിയ്ക്കുള്ള തൈകളും വളവും പഞ്ചായത്ത് സൗജന്യമായി നല്‍കും. ഇതിനാവശ്യമായ തൈകള്‍ കൃഷിഭവന്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ചീര, വെണ്ട, വഴുതന, പയര്‍, വെള്ളരി, ചീനി, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഓരോ സ്‌കൂളിലും കുട്ടികളുടെ നേതൃത്വത്തില്‍ അധ്യാപകരും, പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് പച്ചക്കറി തൈകള്‍ നടും. തൈകള്‍ക്ക് വെള്ളം കൊടുക്കല്‍ മുതല്‍ കീടനാശിനികളില്ലാതെ പരിപാലനം വരെ എല്ലാം കുട്ടികളാണ് ചെയ്യുന്നത്. 450 പച്ചക്കറി ചട്ടികളാണ് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തത്.

കരിപ്പലങ്ങാട് ഗവ. യു.പി. സ്‌കൂള്‍ , പൂച്ചപ്ര ഗവ. ഹൈസ്‌കൂള്‍, വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്., വെള്ളിയാമറ്റം സെന്റ് ജോസഫ് യു.പി. സ്‌കൂള്‍, വെട്ടിമറ്റം ഗവ. എല്‍.പി. സ്‌കൂള്‍, ഇളംദേശം സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍, പന്നിമറ്റം സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍, പൂമാല ട്രൈബല്‍ എച്ച്.എസ്. സ്‌കൂള്‍, നാളിയാനി ഗവ. എല്‍.പി. സ്‌കൂള്‍ എന്നീ ഒമ്പത് സ്‌കൂളുകളിലെ കുട്ടികളാണ് കൃഷി അങ്കണത്തില്‍ പങ്കാളികളാകുന്നത്. 

സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ്  2023-24 സാമ്പത്തികവര്‍ഷത്തെ പദ്ധതിയായി ഇത് നടപ്പിലാക്കുന്നത്. പദ്ധതി മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലായതിനാല്‍ ഈ വര്‍ഷവും പഞ്ചായത്ത്  വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പദ്ധതി നടപ്പാക്കുവാന്‍ വെള്ളിയാമറ്റം സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.

  വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്. സ്‌കൂളില്‍ കുട്ടികളോടൊപ്പം പച്ചക്കറി തൈ നട്ടു പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി നിര്‍വ്വഹിച്ചു.  വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി, ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി ചന്ദ്രശേഖരന്‍, പഞ്ചായത്ത് അംഗങ്ങളായ പോള്‍ സെബാസ്റ്റ്യന്‍, വി.കെ. കൃഷ്ണന്‍, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്റ് അരുണ്‍കുമാര്‍ പി.ഡി., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. ചന്ദ്രബോസ്, എച്ച.എം. സന്തോഷ്‌കുമാര്‍ പി.എസ് തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!