കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു ജനിച്ചയുടനെ മരിച്ചു; സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

അടിമാലി: കഴിഞ്ഞ മാസം 15ന് കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് പ്രസവ ശേഷം മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറത്തിക്കുടി സ്വദേശികളായ ആശ ഷിബു ദമ്പതികളുടെ കുഞ്ഞാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തത്. 14ന് അടിമാലി താലൂക്കാശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ യുവതിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യനില വേണ്ടവിധം മനസ്സിലാക്കാതെ ആശുപത്രി അധികൃതര്‍ ദമ്പതികളെ ഉന്നതിയിലേക്ക് മടക്കി അയച്ചതാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്താന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം.
അതേസമയം യുവതിയെ കൃത്യമായി പരിശോധിച്ച ശേഷമാണ് തിരികെ അയച്ചതെന്നാണ് അടിമാലി താലൂക്കാശുപത്രി അധികൃതരുടെ വിശദീകരണം. മരണപ്പെട്ട കുഞ്ഞിന്റെ മാതാവ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം 14ന് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തു. പിന്നീട് യുവതിയെ ആശുപത്രിയില്‍ നിന്നും തിരികെ അയച്ചു.
പ്രസവാവശ്യത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ എത്തി അഡ്മിറ്റായാല്‍ മതിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരികെ ഉന്നതിയിലേക്ക് പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. രാത്രിയോടെ യുവതിക്ക് വയറുവേദന കലശലായി. രാത്രി തന്നെ ദമ്പതികള്‍ വീണ്ടും ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ കാനനപാതയില്‍ ആനയുടെ മുമ്പില്‍പ്പെട്ടു. ഏറെ ദൂരം യാത്ര ചെയ്ത ഇവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തി.
പരിശോധനയില്‍ യുവതിയുടെ പ്രസവമടുത്തതായി തിരച്ചറിയുകയും സര്‍ജ്ജറിക്കായി അനസ്‌തേഷ്യാ ഡോക്ടറുടെ സേവനം ആ സമയം ലഭ്യമല്ലാതിരുന്നതിനാല്‍ മറ്റൊരാശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിന്നീട് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ എത്തിച്ചു. സര്‍ജ്ജറിയിലൂടെ യുവതിയുടെ പ്രസവം നടന്നുവെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായിരുന്നില്ല. വൈകാതെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചതോടെ യുവതിയെ ബന്ധുക്കള്‍ തുടര്‍ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോട്ടയത്തു നിന്നും യുവതി കുറത്തിക്കുടിയിലെ വീട്ടിലേക്ക് തിരികെയെത്തിയിരുന്നു. യുവതി ഇന്നലെ വീണ്ടും അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഈ സംഭവത്തിലാണ് നവമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.