
അടിമാലി: കുറത്തിക്കുടി ആദിവാസി ഉന്നതിയിലെ ദമ്പതികളുടെ നവജാതശിശു മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി ആദിവാസി ക്ഷേമസമിതി രംഗത്ത്.കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാതശിശു മരിക്കാനിടയായ സംഭവത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധവും അടിമാലി താലൂക്കാശുപത്രിക്കെതിരെ ആക്ഷേപങ്ങളും ഉയരുന്നതിനിടയിലാണ് വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് ആദിവാസി ക്ഷേമസമിതിയും രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില വേണ്ടവിധം മനസ്സിലാക്കാതെ ആശുപത്രി അധികൃതര്‍ ദമ്പതികളെ ഉന്നതിയിലേക്ക് മടക്കി അയച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആദിവാസി ക്ഷേമസമിതി ഏരിയാ കമ്മിറ്റി സെക്രട്ടറി എം ആര്‍ ദീപു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി താലൂക്കാശുപത്രിയില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആദിവാസി ക്ഷേമസമിതി ആവശ്യമുന്നയിക്കുന്നു.
കേരളത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെട്ട നിലയില്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് അതിന് വിപരീതമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ആദിവാസി ക്ഷേമസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ക്ഷേമസമിതി ഏരിയാ കമ്മിറ്റി സെക്രട്ടറി എം ആര്‍ ദീപു, പ്രസിഡന്റ് ഗോപി രാമന്‍,ഷിജു എന്നിവര്‍ പങ്കെടുത്തു.


