മാങ്കുളത്ത് വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ജനകീയ സമരസമിതി; രണ്ടാംഘട്ട തുടര്‍ സമര പ്രഖ്യാപന കണ്വന്ഷന് ശനിയാഴ്ച്ച

മാങ്കുളം: മാങ്കുളത്ത് വനംവകുപ്പ് അതിക്രമം കാണിക്കുന്നുവെന്നാരോപിച്ചും നിയമ വിരുദ്ധ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ചും ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട തുടര്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനൊരുങ്ങുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മാങ്കുളം ടൗണിലാണ് കണ്വന്ഷന് നടക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവിധ വിഷയങ്ങളില്‍ മാങ്കുളത്ത് വനംവകുപ്പിനെതിരെ വലിയ പ്രതിഷേധം നടന്ന് വരുന്നുണ്ട്.
കഴിഞ്ഞ മാസം പെരുമ്പന്‍കുത്തിലെ പവലിയനില്‍ ഉണ്ടായ വനംവകുപ്പിന്റെ ഇടപെടലായിരുന്നു തുടര്‍ സമരങ്ങള്‍ക്ക് വഴിയൊരുക്കിയത്. വനംവകുപ്പുദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് മാങ്കുളം ടൗണില്‍ ജനകീയ പ്രതിഷേധം രൂപ കൊള്ളുകയും വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് വനംവകുപ്പിന്റെ പരാതിയില്‍ പോലീസ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ഒന്നാം പ്രതിയായി ഉള്‍പ്പെട്ട ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസിനെ പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തു. പ്രവീണിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല.
കേസില്‍ നാല് മുതലുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പുദ്യോഗസ്ഥര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നല്കിയ പരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥര്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പവലിയന് വിഷയത്തിന് പിന്നാലെ മാങ്കുളത്ത് ഹര്‍ത്താലും ഡി എഫ് ഒ ഓഫീസ് മാര്‍ച്ചും പന്തം കൊളുത്തി പ്രകടനവുമെല്ലാം ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

ഇതിനിടയില്‍ മറ്റൊരു വിഷയത്തിലും മാങ്കുളത്ത് വനംവകുപ്പിനെതിരെ പ്രതിഷേധം രൂപം കൊണ്ടിരുന്നു. ആനക്കുളം പള്ളി വികാരിയോട് വനംവകുപ്പുദ്യോഗസ്ഥന് ഫോണില്‍ മോശമായി സംസാരിച്ചെന്നാരോപിച്ചായിരുന്നു വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം. വിവിധ വിഷയങ്ങളിലുള്ള തുടര്‍ പ്രതിഷേധമെന്ന നിലയിലാണ് ശനിയാഴ്ച്ച രണ്ടാംഘട്ട സമര പ്രഖ്യാപന കണ്വന്ഷന് ജനകീയ സമരസമിതി ഒരുങ്ങുന്നത്. പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.