
കുമളി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുന്നു. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാവുകയാണ്. കുമളി ടൗൺ, തേക്കടി, ഒന്നാംമൈൽ, ചെളിമട, റോസാപ്പൂക്കണ്ടം മേഖലകളിലാണ് തെരുവുനായ്ക്കൾ കൂടുതലായും കാണപ്പെടുന്നത്. തേക്കടിയിലേക്കെത്തുന്ന റോഡിൽ ഒട്ടേറെ നായ്ക്കളാണ് കൂട്ടംകൂടിനടക്കുന്നത്. ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കുനേരേ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായാൽ ടൂറിസത്തെയടക്കം സാരമായി ബാധിക്കും. കൂടാതെ സ്കൂൾ പരിസരത്ത് കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന നായ്ക്കൾ കുട്ടികൾക്ക് ഭീഷണിയാണ്.
കുമളി കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞവർഷം ആറുപേരെയാണ് തെരുവു നായ്ക്കൾ ആക്രമിച്ചത്. ഇതേത്തുടർന്ന് കുറച്ചുകാലം ഇവിടെനിന്ന് തെരുവുനായ്ക്കളെ തുരത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാലിപ്പോൾ വീണ്ടും ഡിപ്പോ തെരുവുനായ്ക്കൾ കൈയ്യടക്കിയിരിക്കുകയാണ്. ഇവിടേക്ക് എത്തുന്നവർ സുരക്ഷയ്ക്കായി വടിയെങ്കിലും കൈയിൽ കരുതേണ്ട സ്ഥിതിയാണ്. ഡിപ്പോയിലെ നായ്ക്കളുടെ ശല്യം പഞ്ചായത്തിനെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല