നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം; മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചു

അടിമാലി: കഴിഞ്ഞ മാസം 15നായിരുന്നു കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് ജനിച്ച ഉടന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. എന്നാല്‍ ദമ്പതികള്‍ 14ന് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഈ സമയം യുവതിയുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തപ്പെടാതെ വന്നുവെന്നുമാണ് വിഷയത്തില്‍ അടിമാലി താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള ആക്ഷേപം. ഈ സംഭവത്തിലാണിപ്പോള്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ഉണ്ടായിട്ടുള്ളത്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം നിയോഗിക്കപ്പെട്ട മെഡിക്കല്‍ സംഘം ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ തുടര്‍ ഇടപെടലുകള്‍ ഉണ്ടാവുകയെന്നാണ് വിവരം. സംഭവം വിവാദമായതോടെ അടിമാലി താലൂക്കാശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം റിപ്പോര്‍ട്ട് നല്‍കിയിരുന്നു .കുഞ്ഞ് മരണപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസം വീണ്ടും അടിമാലി താലൂക്കാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. യുവതിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമടക്കം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.