
അടിമാലി: സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ തടിയമ്പാടില്‍ വനിതാ സംഗമം നടക്കുമെന്ന് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 17 മുതല്‍ 20 വരെ കട്ടപ്പനയിലാണ് സി.പി.ഐ ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ പരിപാടികള്‍ക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നാളെ തടിയമ്പാടില്‍ വനിതാ സംഗമം നടക്കുന്നത്.
രാവിലെ 11ന് തടിയമ്പാട് കമ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വനിതാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള വനിതാ സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വനിത സംഗമം ക്രമീകരിച്ചിട്ടുള്ളത്. രാസ ലഹരിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും, പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയാകും.
ജില്ലാ പ്രസിഡന്റ് ശാന്തി മുരുകന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.പി.ഐ ജില്ല സെക്രട്ടറി കെ.സലിം കുമാര്‍, എം.കെ.പ്രിയന്, ടി.ആര്.ബിനു, ഇ എസ് ബിജിമോള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും കെ.സി.ആലീസ്, ജയമധു, ശാന്തിമ മുരുകന്, ഗീത രവീന്ദ്രന്, എന്‍.എ.ബേബി, രാരിച്ചന്‍ കുര്യാക്കോസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.