
അടിമാലി: കല്ലാര്‍കുട്ടിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കും വിധം കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ ഇപ്പോള്‍ കടത്തുവള്ളമുപയോഗിച്ച് ആളുകള്‍ അക്കരെയിക്കരെ എത്തുന്ന ഭാഗത്ത് തൂക്കുപാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മ്മിക്കപ്പെട്ടാല്‍ അത് കല്ലാര്‍കുട്ടിയുടെയും സമീപമേഖലകളുടെയും വിനോദ സഞ്ചാര സാധ്യതക്ക് വലിയ കരുത്താകുമെന്നാണ് വാദം. ഇതിനൊപ്പം നായ്ക്കുന്ന് മേഖലയിലെ ആളുകള്‍ക്ക് കല്ലാര്‍കുട്ടിയിലേക്ക് സുഗമമായി എത്താനുള്ള യാത്രാ മാര്‍ഗ്ഗവുമൊരുങ്ങും.
ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പന്‍ കോവിലിലുമൊക്കെ നിര്‍മ്മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയില്‍ കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിര്‍മ്മിക്കാനാകുമെന്നാണ് വാദം. പാലം നിര്‍മ്മിക്കപ്പെട്ടാല്‍ ഇടുക്കിയിലേക്കും മൂന്നാറിലേക്കുമൊക്കെയെത്തുന്ന സഞ്ചാരികളെ കല്ലാര്‍കുട്ടിയിലേക്കാകര്‍ഷിക്കാനാകും. കല്ലാര്‍കുട്ടിയുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടാപ്പുരയുടെയും മറ്റ് വ്യൂപോയിന്റുകളുടെയും വിനോദ സഞ്ചാര സാധ്യത കൂടി പ്രയോജനപ്പെടുത്തിയാല്‍ വലിയ രീതിയിലുള്ള ടൂറിസം വികസനത്തിന് പ്രദേശത്ത് വഴിയൊരുങ്ങും.