ലോക പോലീസ് ഗെയിംസ് കരാട്ടെയിൽ ഇന്ത്യക്ക് സ്വർണം; നേട്ടം കൈവരിച്ചത് കോതമംഗലം സ്വദേശി അജയ് തങ്കച്ചൻ

കോതമംഗലം: 2025 ജൂൺ 27 മുതൽ ജൂലൈ 6 വരെ അമേരിക്കയിലെ ബിർമിംഗ്ഹാംമിൽ വെച്ച് നടന്ന ലോക പോലീസ് ഗെയിംസിൽ സി.ആർ.പി.എഫ് ന്റെ ഇന്ത്യൻ കരാട്ടെ ടീമിലെ ഏക മലയാളിയായ അജയ് തങ്കച്ചന്റെ സ്വർണ നേട്ടം ഇന്ത്യൻ കരാട്ടെക്ക് 2036ലെ ഒളിമ്പിക്സിലേക്കുള്ള പ്രചോദനമേകുന്ന അഭിമാന നിമിഷങ്ങളായി മാറി. ടീം കത്തയുടെ മത്സരത്തിലാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കേരളത്തിലെ എറണാകുളം ജില്ലയിൽ കോതമംഗലം, നാടുകാണി കുന്നുംപുറത്ത്, തങ്കച്ചൻ, സീന ദമ്പതികളുടെ ഏക മകനാണ് 27കാരനായ അജയ്. 2007ൽ സെൻസായ് ജോയി പോളിന്റെ കീഴിൽ കരാട്ടെ പരിശീലനം ആരംഭിച്ചത്.
കരാട്ടെയിലെ മത്സര ഇനങ്ങളായ കത്ത, കുമിത്തെ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിലെ മെഡൽ നേട്ടങ്ങൾ സി.ആർ.പി.എഫ് പോലീസ് ക്യാമ്പിൽ അജയിക്ക് സെലക്ഷൻ നേടാൻ സഹായകരമായി. അങ്ങിനെ പോലീസ് ടീമിൽ ഇടം നേടി. ഇപ്പോൾ ഉത്തരാഖണ്ഡിൽ ആണ് സേവനം ചെയ്തു വരുന്നത്. 2017ൽ ഇൻഡോനേഷ്യയിൽ നടന്ന ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.