KeralaLatest News

കൺസഷൻ വർധിപ്പിക്കാനാവില്ല, ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, സർക്കാർ ജനപക്ഷത്താണ്’: മന്ത്രി കെബി ഗണേഷ് കുമാർ

സ്വാകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സർക്കാർ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. രാവിലെ എണീറ്റ് കൺസഷൻ വർധിപ്പിക്കാനാവില്ല. കൺസഷൻ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട്‌ ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ ചർച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൺസഷൻ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

സ്പീഡ് ഗവർണർ ഒഴിവാക്കണം എന്നാണ് ബസ് ഉടമകൾ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചു. ഉടമകളുടെ ഇഷ്ടനുസരണം പെർമിറ്റ്‌ നൽകണമെന്നും ആവശ്യമുയർത്തി. ഇതൊന്നും പ്രാവർത്തികമല്ലെന്നും മന്ത്രി അറിയിച്ചു.

സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അവർ സമരം ചെയ്യട്ടെ. നഷ്ടത്തിൽ ഓടുന്ന വണ്ടികൾ ഒതുക്കിയിടാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച് ആർക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സമര നോട്ടിസ് ആരും നൽകിയിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണ്. വ്ലോഗർ ജ്യോതി മലഹോത്രയുടെ ക്ഷണത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചുവെന്നത് കൊണ്ട് മുഹമ്മദ്‌ റിയാസിനെ ക്രൂശിക്കേണ്ടതില്ല.

ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ല. വ്ലോഗർ എന്ന നിലയിലാണ് ക്ഷണിച്ചത്. 41 വ്ലോഗർമാരെ ക്ഷണിച്ചു. പാക് ചാരയെന്ന് അറിഞ്ഞിട്ടല്ല അവരെ വിളിച്ചത്. ഇതൊക്കെ കേൾക്കുന്നവർ പൊട്ടൻമാർ അല്ലല്ലോ. പത്രങ്ങൾക്കും ചാനലുകൾക്കും ടൂറിസം വകുപ്പ് പരസ്യം നൽകാറുണ്ട്. മാധ്യമങ്ങൾ ചെയ്യുന്നതിനൊക്കെ ടൂറിസം വകുപ്പ് ഉത്തരവാദി എന്ന് പറയാനാകുമോയെന്നും മന്ത്രി വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!