ജീപ്പ് സവാരിയുടെ കാര്യത്തില്‍ തീരുമാനം ഉടൻ; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. 15 ദിവസത്തിനുള്ളിൽ ജീപ്പ് സഫാരിയും ഓഫ് റോഡ് ട്രെക്കിംഗും പുനരാരംഭിക്കാനാകുമെന്ന് കളക്ടർ അറിയിച്ചു. ഓഫ് റോഡ് സഫാരിയുടെ റൂട്ടുകൾ കൃത്യമായി നൽകുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകിയ ശേഷം കൊളുക്കുമല മോഡലിൽ ജീപ്പ് സഫാരികൾ നടത്തുകയുമാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അനുമതിയില്ലാത്ത ജീപ്പ് യാത്രകളുടെ നിയന്ത്രണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ജീപ്പ് സവാരി നടത്താം എന്ന കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കും. അപകടാവസ്ഥയിൽ ജീപ്പ് സഫാരികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി
അതേസമയം, ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ യോഗം വിളിച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ജില്ലാ ഭരണ കൂടത്തിൻറെ ശ്രമം.
പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, വാഗമൺ, ഇടുക്കി എന്നിവിടങ്ങൾക്കൊപ്പം ചെറിയ പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കും. ഓണക്കാലം മുതൽ ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും കളക്ടര്‍ യോഗത്തെ അറിയിച്ചു. കാലവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ് നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി നിർദ്ദേശങ്ങൾ ഇറക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യം ലക്ഷ്യം വെച്ച് ഹിസ്റ്റോറിക്കല്‍ ടൂറിസത്തിന് തുടക്കം കുറിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.