ചിന്നാര്‍ വനമേഖലയില്‍ പാതയോരം ഇടിഞ്ഞ ഭാഗത്ത് പുനര്‍നിര്‍മ്മാണം നടത്തണമെന്നാവശ്യം

മറയൂര്‍: മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിന് സമീപം ചിന്നാര്‍ വനമേഖലയില്‍ പാതയോരം ഇടിഞ്ഞ ഭാഗത്ത് വേഗത്തില്‍ പുനര്‍നിര്‍മ്മാണം നടത്തണമെന്നാവശ്യം. മഴ കനത്ത് പെയ്ത ഘട്ടത്തിലായിരുന്നു റോഡിന്റെ ഭാഗമായിട്ടുണ്ടായിരുന്ന കെട്ടിടിഞ്ഞ് പോയത്. ദിവസവും ഭാരവാഹനങ്ങളും നിരവധി കെ എസ് ആര്‍ ടി സി ബസുകളുമൊക്കെ കടന്നു പോകുന്ന പാതയാണിത്. പാതയോരം ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് റോഡ് ബലപ്പെടുത്തിയില്ലെങ്കില്‍ മഴക്കാലത്ത് അപകടസാധ്യത രൂപം കൊള്ളുമെന്ന് വാഹനയാത്രികര്‍ പറയുന്നു.
ഇടിഞ്ഞ് പോയ ഭാഗത്ത് മണ്ണ് കൂട്ടിയിട്ടാണ് താല്‍ക്കാലിക സുരക്ഷ ഒരുക്കിയിട്ടുള്ളത്. റോഡിന് ഒരു ഭാഗം വലിയ കൊക്കയാണ്. മഴക്കാലത്ത് വെള്ളമിറങ്ങിയാല്‍ റോഡിന്റെ ഈ ഭാഗം ദുര്‍ബലമാകും. റോഡ് കൂടുതല്‍ ഇടിയുന്ന അവസ്ഥ ഉണ്ടായാല്‍ അത് അപകടത്തിന് ഇടവരുത്തും. മഴ മാറിയ സാഹചര്യത്തില്‍ ഈ ഭാഗത്ത് ഏറ്റവും വേഗത്തില്‍ നിര്‍മ്മാണ ജോലികളാരംഭിക്കണമെന്നാണ് ആവശ്യം.