ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

അടിമാലി: ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നം വളരെ ഗൗരവകരമാണെന്നും ആ വിഷയത്തിന്റെ മറവില്‍ ഒരു സംഘം മാഫിയ ഭൂമി കയ്യേറ്റം നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ചൊക്രമുടി വിഷയത്തില്‍ നിന്നും റവന്യു വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ പറ്റില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.റവന്യു വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കന്‍മാരുടെ ഒത്താശയോടെയാണ് ചൊക്രമുടിയില്‍ കൈയ്യേറ്റം നടന്നിട്ടുള്ളത്. സിപിഐയും സിപിഎമ്മും തമ്മില്‍ ഭൂമി കൈയ്യേറാന്‍ മത്സരം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംരക്ഷിക്കപ്പെടേണ്ട പ്രദേശമാണ് ചൊക്രമുടിയെന്നും ചൊക്രമുടിയില്‍ നടന്നിട്ടുള്ളത് നഗ്നമായ കൈയ്യേറ്റമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇന്നുച്ചക്ക് ശേഷമായിരുന്നു വി ഡി സതീശന്‍ ചൊക്രമുടിയില്‍ എത്തിയത്. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, സി ഡി സി പ്രസിഡന്റ് സി പി മാത്യു, കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ചൊക്രമുടിയിലെ സന്ദര്‍ശന ശേഷം ബൈസണ്‍വാലിയില്‍ നടന്ന പ്രതിഷേധ യോഗത്തിലും പ്രതിപക്ഷ നേതാവ് സംസാരിച്ചു.