
മൂന്നാര്‍: മൂന്നാറില്‍ ഭീതിപരത്തി ആളുകളെ ആക്രമിച്ച തെരുവ് നായ ചത്തു.പത്തിലധികം ആളുകള്‍ക്കായിരുന്നു ഇന്നും ഇന്നലെയുമായി മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 2 പേരെ നായ ആക്രമിച്ചിരുന്നു. മൂന്നാര്‍ ടൗണില്‍ അലഞ്ഞ് തിരിഞ്ഞിരുന്ന തെരുവ് നായ ഒരു ദിവസം മുഴുവന്‍ ആളുകളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇന്നലെയും ഇന്നുമായി പത്തിലധികം ആളുകള്‍ക്കാണ് മൂന്നാര്‍ ടൗണില്‍ തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം മൂന്ന് പേര്‍ക്കും ഇന്ന് രാവിലെ രണ്ട് പേര്‍ക്കും നായയുടെ കടിയേറ്റു.
ഒരേ നായയാണ് എല്ലാവരേയും ആക്രമിച്ചത്. ഈ നായ ഇന്ന് ചത്തു. ഇന്നലെ നായ പരിഭ്രാന്തി പരത്തിയതോടെ പിടികൂടുവാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷവും നായ പരാക്രമം തുടര്‍ന്നു.നായയുടെ കടിയേറ്റവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം നടത്തിയ നായക്ക് പേവിഷ ബാധയുണ്ടായിരുന്നോയെന്ന കാര്യത്തിലടക്കം പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതായി ഉണ്ട്. ഈ നായ മറ്റ് നായ്ക്കളെ കടിച്ചിട്ടുണ്ടെങ്കിലും സ്ഥിതി സങ്കീര്‍ണ്ണമാകും. മൂന്നാര്‍ മേഖലയിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
മൂന്നാര്‍ ടൗണില്‍ കുട്ടികളും സ്ത്രീകളുമടക്കം അലഞ്ഞ് തിരിയുന്ന നായ്ക്കള്‍ക്കിടയിലൂടെ വേണം യാത്ര ചെയ്യാന്‍. വിനോദ സഞ്ചാരികളടക്കം തെരുവ് നായക്കളെ ഭയന്നാണ് ടൗണിലൂടെ സഞ്ചരിക്കുന്നത്. ക്രമേണ നായ്ക്കളുടെ എണ്ണം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിട്ടും മൂന്നാര്‍ ടൗണിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാത്തത് ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതര വിഴ്ച്ചയാണെന്ന പരാതിയും ഉയരുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് ഇന്നും ഇന്നലെയുമായി വിനോദ സഞ്ചാരികള്‍ക്കടക്കം മൂന്നാറില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റത്.