
മൂന്നാർ : മേഖലയിൽ വിനോദ സഞ്ചാരികളുമായി സഫാരി നടത്തുന്ന ജീപ്പുകളുടെ വിവരങ്ങൾ നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സബ് കലക്ടറുടെ നിർദേശം. ദേവികുളം ആർഡിഒ ഓഫിസിൽ നടന്ന ഉന്നത പൊലീസ്, വനം, പഞ്ചായത്ത് സെക്രട്ടറിമാർ, വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സബ് കലക്ടർ വി.എം. ജയകൃഷ്ണൻ ഉത്തരവിട്ടത്. നിലവിൽ പ്രവർത്തിക്കുന്ന ജീപ്പ് സഫാരികൾ, ഓപ്പറേറ്റർമാർ, ഡ്രൈവർമാർ, റൂട്ട് മാപ്പുകൾ, സഫാരികളുടെ എൻട്രി, എക്‌സിറ്റ് പോയിന്റുകൾ, അപകടങ്ങൾ, പരാതികൾ, അപകടങ്ങൾ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
ദേവികുളം സബ്ഡിവിഷനു കീഴിലുള്ള എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും ഇന്നലെ ജീപ്പുകളുടെ വിവരശേഖരണം തുടങ്ങി. ഇന്ന് സബ് കലക്ടർക്ക് റിപ്പോർട്ട് നൽകും. സഫാരിക്കിടയിൽ അപകടമുണ്ടായി വിനോദ സഞ്ചാരികൾ മരിക്കുന്നതും ഒട്ടേറെ പേർക്ക് പരുക്കേൽക്കുന്നതും അമിത നിരക്ക് വാങ്ങി ചൂഷണം ചെയ്യുന്നതും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ 5 മുതൽ ജില്ലയിൽ ജീപ്പ് സഫാരികൾ കലക്ടർ നിരോധിച്ചിരുന്നു