കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നത് പ്രതിസന്ധിയാകുന്നു

മൂന്നാര്‍: തോട്ടം തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ച കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നതായി പരാതി. വീടുകള്‍ക്ക് ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ വൈദ്യുതി പ്രതിസന്ധിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്നതിനിടയിലാണ് കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാക്കി വെള്ളക്കെട്ടും രൂക്ഷമായിരിക്കുന്നത്. താമസക്കാര്‍ ഏറെയുള്ള ഭാഗത്താണ് ചെക്ക് ഡാമിന് സമാനമായി വെള്ളംകെട്ടികിടക്കുകയും ഇതിന് സമീപത്തുള്ള വീടുകളിലേക്ക് കയറാന്‍ പോലും കഴിയാത്ത വിധം വെള്ളക്കെട്ടുണ്ടാവുകയും ചെയ്യുന്ന സ്ഥിതിയുള്ളത്.
വെള്ളം കൂടുതലായി മണ്ണിലിറങ്ങി മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയും തൊഴിലാളികള്‍ പങ്ക് വയ്ക്കുന്നു. വെള്ളക്കെട്ട് മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി റവന്യു, പഞ്ചായത്ത് അധിക്യതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും കുടുംബങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു.