KeralaLatest NewsLocal news

ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണത്തോടെ അനുമതി

ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ മാസം 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച (ജൂലൈ 16) മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒന്‍പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കുന്നത്.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം.

റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കുന്നതിനായി
ഇടുക്കി ദേവികുളം സബ് കളക്ടര്‍മാര്‍ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആന്റ് റെഗുലേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ), റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ്, അതത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡിടിപിസി സെക്രട്ടറി എന്നിവര്‍ ഈ കമ്മിറ്റികളില്‍ അംഗമാണ്.

കമ്മിറ്റികള്‍ റൂട്ടുകള്‍ പരിശോധിച്ച് ഏതു തരം വാഹനങ്ങള്‍ (2×2/4×4) ഓടിക്കണമെന്നത് നിര്‍ദേശിക്കും. കൂടാതെ വാഹനങ്ങള്‍, ഡ്രൈവര്‍മാര്‍, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റല്‍ ബുക്കിംഗ്, ചാര്‍ജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ന് (ജൂലൈ 15) സമര്‍പ്പിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ 15) മുതല്‍ ജില്ലാതല രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തും. നിര്‍ദിഷ്ട നിബന്ധനകള്‍ പാലിച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ നാളെ (16) മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവാദം നല്‍കൂ.

വാഹനമോടിക്കുന്നയാള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും കുറഞ്ഞത് 3 വര്‍ഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം.വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ്, ഡിടിപിസി രജിസ്‌ട്രേഷന്‍, ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സിപീഡ് ഗവര്‍ണര്‍, യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യാത്തതോ അംഗീകാരമില്ലാത്തതോ ആയ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകള്‍ രാവിലെ 4 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിലുള്ള സമയത്തായിരിക്കണം.

ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവര്‍മാരുടെ മെഡിക്കല്‍/അപകട ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ഡ്രൈവര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

ഏപ്രിലും ഒക്ടോബറിലും വര്‍ഷത്തില്‍ രണ്ടുതവണ വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത സുരക്ഷാ ഓഡിറ്റും പെര്‍മിറ്റ് പുതുക്കലും ഫിറ്റ്‌നസ് പരിശോധനയും നടത്തും. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. അലംഭാവം മൂലമുള്ള അപകടങ്ങളില്‍ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉള്ളപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ സ്വയമേവ നിര്‍ത്തിവെക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാടുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!