
അടിമാലി : യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി അടിമാലി ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് സിപി മാത്യു ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്തുകൊണ്ട് പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ സർക്കാർ കേരളത്തെ തകർക്കുകയാണെന്നും അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് അടക്കമുള്ള സംവിധാനങ്ങൾ ഉടൻ ഒരുക്കിയില്ലെങ്കിൽ കനത്ത സമരമാർഗവുമായി മുന്നോട്ടുപോകുമെന്നും, യൂത്ത് കോൺഗ്രസിനെ സമരം പഠിപ്പിക്കാൻ ആരും ബുദ്ധിമുട്ടെണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത 85 അട്ടിമറിച്ച് ജനങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെയും അതിന് കൂട്ടുകറിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും പ്രതിഷേധ രേഖപ്പെടുത്തിയും,
അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട് ആദിവാസി ദമ്പതികളുടെ നവജാതശിശു മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, അടിമാലി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച കാത്ത് ലാബ് അടിയന്തരമായി ആരംഭിക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, ബ്ലഡ് ബാങ്ക് പ്രവർത്തനമാരംഭിക്കുക, അടിമാലി ഈ ആശുപത്രിയിൽ നിന്നും കൊണ്ടുപോയ ഡയാലിസിസ് യൂണിറ്റിന്റെ ഉപകരണങ്ങൾ തിരികെ എത്തിക്കുക, മരുന്നുകൾ ആവശ്യത്തിന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് അലൻ നിഥിൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
കെപിസിസി മീഡിയ സെൽ അംഗം ഡോ ജിന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നിർവാഹക സമിതി അംഗം എ പി ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ദേവികുളം എംഎൽഎ എ കെ മണി, പി വി സ്കറിയ, ഒ ആർ ശശി, ടി എസ് സിദ്ധിക്ക്, പി ആർ സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.