
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങുന്നില്ല. പട്ടാപകല്‍ ഇന്ന് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ 8 മണിയോടെ കാട്ടാന ഇറങ്ങിയത്. എസ്റ്റേറ്റിലുള്ളവര്‍ രാവിലെ ജോലിക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് കാട്ടു കൊമ്പന് ലയങ്ങള്‍ക്കു മുമ്പില്‍ എത്തിയത്.
സ്കൂള്‍ കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്ന സമയം ആന എത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കി. പകല്‍ സമയത്ത് പോലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.

കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും കാട്ടാന ശല്യം മൂന്നാര്‍ മേഖലയില്‍ അറുതിയില്ലാതെ തുടരുകയാണ്.