
അടിമാലി: അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഡയമണ്ട് ജൂബിലി നിറവിലാണ്. 1948ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. സ്‌കൂളിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷം നാളെ നടക്കും. രാവിലെ 9 മുതല്‍ ഒരു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പതാക ഉയര്‍ത്തലോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും .തുടര്‍ന്ന് ആദ്യകാല അധ്യാപക, വിദ്യാര്‍ത്ഥി സംഗമം നടക്കും. ഉച്ചക്ക് സ്‌നേഹ വിരുന്നിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
വൈകിട്ടഞ്ചിനാരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എ രാജ എം എല്‍ എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും. പൊതു സമ്മേളനത്തിന് ശേഷം കലാസന്ധ്യയും അരങ്ങേറും.