ദേശീയപാത നിർമ്മാണം നിർത്തിയതിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതി രംഗത്ത്

അടിമാലി : ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വളരെ വരെയുള്ള പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതിൽ പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ദേശീയപാത സംരക്ഷണ സമിതിയും രംഗത്ത്. സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നു.
യോഗത്തിൽ ജൂലൈ 30നകം ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. വിഷയത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ ജൂലൈ 31ന് ജനകീയ മാർച്ച് നടത്താൻ തീരുമാനിച്ചു. ആറാം മൈയിൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ആരംഭിച്ച് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് വിവിധ രാഷ്ട്രീയ സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്താൻ തീരുമാനിച്ചു.
ഇതിനു മുന്നോടിയായി ലീഗൽ സെൽ, അഡ്വർടൈസ്മെന്റ് സെൽ, സാമ്പത്തിക സമാഹരണത്തിനുള്ള കമ്മിറ്റി എന്നിവയ്ക്ക് രൂപം നൽകി. കൂടാതെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും തുടക്കം കുറിച്ചു . അടിമാലി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ പി എം ബേബി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹാപ്പി, റസാഖ് ചൂരവേലി, പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ തുടങ്ങി വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.