
ഇടുക്കി : ചൊവ്വാഴ്ച രാസ ലഹരി മരുന്നായ എം ഡി എം എ-യുമായി കോഴിക്കോട് കൊയിലാണ്ടി നാരായണഗുരു റോഡ്, പയാറ്റുവളപ്പിൽ, ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് (31) -നെ കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കട്ടപ്പന ബൈപാസ് റോഡിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യലില്‍ ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന 27 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. രാവിലെ ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവ് എം ഡി എം എ മാറ്റാർക്കോ കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
ഇയാൾക്ക് ലഹരി മരുന്ന് ലഭിച്ച ഉറവിടവും, ആർക്ക് കൈമാറാനാണ് വന്നത് എന്നതുമുൾപ്പെടെ കൂടുതൽ വിവരങ്ങൾ അറിയുവാനും, ഇയാളുടെ പിന്നിൽ ലഹരിമരുന്നു കടത്തലിന്റെ അന്തർ സംസ്‌ഥാന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നറിയുവാനും പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനായി കോഴിക്കോട് പോലീസുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു.
കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷാജി എബ്രാഹം, ബെർട്ടിൻ ജോസ്, പി വി.മഹേഷ്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ ഷെമീർ, സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ മാത്യു, ആർ.ഗണേഷ്, സിനോജ് ജോസഫ്, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐ പി എസ്- ന്റെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.